കശ്മീരിൽ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി അടക്കം മൂന്ന് ബി.ജെ.പി പ്രവർത്തകരെ ഭീകരര്‍ വെടിവെച്ചുകൊന്നു
ജമ്മു കശ്മീരിലെ കുൽഗാമിൽ ബിജെപി നേതാക്കളെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. യുവമോർച്ചാ ജനറൽ സെക്രട്ടറി ഫിദാ ഹുസൈൻ യാത്തൂ, ഉമർ റാഷിദ് ബെയ്ഗ്, ഉമർ റംസാൻ ഹജാം എന്നിവരാണ് കൊല്ലപ്പെട്ടത്.
രാത്രിയോടെ ഖ്വാസിഗുണ്ടിലിലെ ഇയ്ദ്ഗ് ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവം. കുൽഗാമിലെ വൈ.കെ പോരയിലൂടെ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്.
ഓഫീസിൽ നിന്നും മൂന്നു പേരും കാറിൽ വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആൾട്ടോ കാറിലാണ് ഭീകരർ പ്രദേശത്ത് എത്തിയതെന്നാണ് വിവരം. ആക്രമണം നടത്തിയ ശേഷം ഇതേ വാഹനത്തിൽ കടന്നു കളയുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.