എം. ശിവശങ്കറിനെ 26 വരെ റിമാന്‍ഡ് ചെയ്തു; ജാമ്യാപേക്ഷയില്‍ 17 ന് വിധിപറയും
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഈ മാസം 17 ന് വിധിപറയും. ഈ മാസം 26 വരെ ശിവശങ്കറിനെ കോടതി റിമാന്‍ഡ് ചെയ്തു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
ശിവശങ്കറിന് ഒരു പൈസയുടെയും അനധികൃത വരുമാനമില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വരുമാനങ്ങള്‍ക്ക് കൃത്യമായി നികുതി അടച്ചിട്ടുണ്ട്. ശിവശങ്കര്‍ ആരോഗ്യ പ്രശ്‌നങ്ങളുള്ള വ്യക്തിയാണ്. ചികിത്സയ്ക്കിടെയാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ 14 ദിവസം ചോദ്യം ചെയ്തു. അന്വേഷണത്തോട് എം. ശിവശങ്കര്‍ പൂര്‍ണമായും സഹകരിച്ചു. മുദ്രവച്ച കവര്‍ നല്‍കി ജാമ്യഹര്‍ജി നീട്ടാനാണ് ഇഡിയുടെ ശ്രമമെന്നും അഭിഭാഷകന്‍ വാദിച്ചു.
അതേസമയം, ശിവശങ്കര്‍ കൂടി ഉള്‍പ്പെട്ട സ്വര്‍ണക്കടത്താണ് നടന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. 2018 മുതല്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ശിവശങ്കര്‍ ഏര്‍പ്പെട്ടിരുന്നു. സ്വപ്‌നാ സുരേഷുമായി ചേര്‍ന്ന് കൂടുതല്‍ ലോക്കറുകള്‍ എടുക്കാന്‍ തീരുമാനിച്ചിരുന്നതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.