• Breaking News

    ‘മകനെ കൊലപ്പെടുത്തി കെട്ടി തൂക്കിയത്’; ജയിൽ ജീവനക്കാർക്ക് എതിരെ ആരോപണവുമായി നരിയംപാറ പീഡനക്കേസ് പ്രതിയുടെ പിതാവ്

    ‘Son killed and hanged’; Father of accused in Nariyampara molestation case against jail staff , www.thekeralatimes.com

    കട്ടപ്പന നരിയംപാറ പീഡനക്കേസിലെ പ്രതി മനു മനോജ് ജയിലിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായ ബന്ധുക്കൾ രംഗത്ത്.

    മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തി കെട്ടിതൂക്കിയതാണെന്ന് കുടുംബം ആരോപിച്ചു. മനുവിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

    മനുവും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായാൽ വിവാഹം നടത്താൻ ഇരുകുടുംബങ്ങളും തീരുമാനിച്ചതാണ്. എന്നാൽ പെൺകുട്ടിയുടെ ബന്ധുവായ പൊലീസുകാരൻ ഇടപെട്ട് മനുവിനെതിരെ പരാതി നൽകുകയായിരുന്നെന്ന് പിതാവ് പറഞ്ഞു.

    ഈ പൊലീസുകാരന്റെ സമ്മർദ്ദത്തിൽ ജയിൽ ജീവനക്കാർ മനുവിനെ കൊലപ്പെടുത്തി കെട്ടിതൂക്കിയതാണെന്നും മനുവിന്റെ കുടുംബം ആരോപിച്ചു.

    ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന മരിച്ച മനു നരിയമ്പാറയിൽ ഓട്ടോ ഡ്രൈവറായിരുന്നു. റിമാൻഡിൽ കഴിയവേ ജയിലിന്റെ മൂന്നാം നിലയിലേക്ക് പോയ മനു ഏറെ സമയം കഴിഞ്ഞും തിരിച്ചുവരാത്തത് ശ്രദ്ധയിൽപെട്ട ജീവനക്കാർ നോക്കിയപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ജയിൽ അധികൃതർ നൽകിയ വിശദീകരണം.

    ആത്മഹത്യയ്ക്ക് ശ്രമിച്ച പീഡനത്തിന് ഇരയായ പെൺകുട്ടി ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങിയിരുന്നു. മരിച്ച മനു മനോജിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കും.