സൗമിനി ജെയിന് സീറ്റില്ല; കൊച്ചി കോർപ്പറേഷൻ കോൺഗ്രസ് പട്ടിക ഇങ്ങനെ
മുൻ മേയർ സൗമിനി ജെയിൻ മൽസരിക്കാനില്ലായെന്ന് പറഞ്ഞതിനാൽ ഒഴിവാക്കിയെന്നാണ് വിശദീകരണം. എന്നാൽ സൗമിനി ജെയിനിന് ഇക്കുറി സീറ്റ് നൽകരുതെന്ന് ഒരു വിഭാഗം നിലാപടെടുക്കുകയായിരുന്നു.
മേയർ സ്ഥാനം കൈമാറുന്നതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങൾമൂലം സൗമിനി ജെയിനിന് സീറ്റ് നൽകുന്നത് പരിഗണനയിൽ ഇല്ലെന്ന് സൂചനയുണ്ടായിരുന്നു.
ജില്ലാ പഞ്ചായത്തിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ വൈസ് പ്രസിഡന്റായിരുന്ന അബ്ദുൾ മുത്തലിബിനും സീറ്റില്ല.
അതേസമയം നാൽപത്തിയെട്ട് പുതുമുഖങ്ങളെയാണ് കോൺഗ്രസ് മൽസരത്തിനിറക്കിയിരിക്കുന്നത്. കോൺഗ്രസ് മൽസരിക്കുന്ന 64 സീറ്റുകളിൽ 63 എണ്ണത്തിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
പതിനൊന്ന് യുവാക്കളെയും പട്ടികയിൽ ഉൾപ്പെടുത്തി. ആറു സീറ്റിൽ മുസ്ലിം ലീഗും , മൂന്നിടത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ഒരു സീറ്റിൽ ആർ.എസ്.പിയും മൽസരിക്കും. മുൻ കൗൺസിലർമാരായിരുന്ന പതിനഞ്ചുപേർ മൽസര രംഗത്തുണ്ട്.
ജിസിഡിഎ ചെയർമാനായിരുന്ന എൻ. വേണുഗോപാൽ, ദീപ്തി മേരി വർഗീസ്, കെ.ആർ. പ്രേംകുമാർ, പി.ഡി. മാർട്ടിൻ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് പട്ടിക.