മന്ത്രി ജലീലിന്റെ പി.എച്ച്.ഡി പ്രബന്ധം പുന:പരിശോധിക്കണമെന്ന് പരാതി
മന്ത്രി കെ.ടി ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് പരാതി. സർവകലാശാലാ ചാൻസിലർ കൂടിയായ ഗവർണർ പരാതി കേരള സർവകലാശാല വൈസ് ചാൻസിലർക്ക് കൈമാറി.
സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് ജലീലിന്റെ പിഎച്ച്ഡി പ്രബന്ധത്തിനെതിരെ പരാതി നൽകിയിരുന്നത്. പ്രബന്ധത്തിൽ ഗവേഷകന്റേതായി മൗലികമായ സംഭാവനകൾ ഇല്ലെന്നും അക്കാദമിക് വിദഗ്ധരുടെ പാനലിനെ കൊണ്ട് ഇത് പുനർമൂല്യനിർണയത്തിനു വിധേയമാക്കണമെന്നുമാണ് ആവശ്യം
സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ കാമ്പയ്ൻ കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ജലീലിന്റെ പ്രബന്ധത്തിലെ പിഴവുകൾ കണ്ടെത്തിയിരുന്നു. പ്രബന്ധങ്ങൾ അപ്‌ലോഡ് ചെയ്യേണ്ട യുജിസിയുടെ പൊതുസൈറ്റിൽ ജലീലിന്റെ പ്രബന്ധം ലഭ്യമാകാത്തതു കൊണ്ട് വിവരാവകാശ നിയമപ്രകാരം കേരളാ യൂണിവേഴ്സിറ്റിയിൽനിന്ന് പ്രബന്ധത്തിന്റെ പകർപ്പ് ലഭ്യമാക്കുകയായിരുന്നു.
മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും പങ്കിനെ അധികരിച്ചു തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് മന്ത്രി കെ.ടി ജലീൽ കേരള സർവകലാശാലയിൽനിന്ന് 2006-ൽ ഡോക്ടറേറ്റ് സ്വന്തമാക്കിയത്.

